സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല: കേരള ഹൈക്കോടതി

  • 29/11/2022

കൊച്ചി: സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.


സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്ബസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്ബസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് രാത്രി 9.30 എന്ന സമയ നിയന്ത്രണം വെച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഹോസ്റ്റല്‍ പ്രവേശന നിയന്ത്രണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ശക്തമായ സമരത്തിന് കാരണമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനായി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കോളേജ് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നിയമം അനുസരിച്ചാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച്‌ മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്ത് വന്നിരുന്നു.

രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താല്‍പര്യമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.

Related News