കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയില്‍; വിഷം കഴിച്ച കാമുകന്‍ ആശുപത്രിയില്‍

  • 30/11/2022

മലപ്പുറം: മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 2018ലായിരുന്നു താനൂ‍ര്‍ സ്വദേശിയായ സവാദിനെ സൗജത്തും കാമുകനായ ബഷീറും ചേ‍ര്‍ന്ന് കൊലപ്പെടുത്തിയത്.  പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്.

തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി ഗ‍ൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍, കൃത്യത്തിന് ശേഷം വിദേശത്തേക്ക് മുങ്ങി. ബഷീറിനെ പിന്നീട് നാട്ടില്‍ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇരുവരും ജില്ലയിലെ വിവിധഭാഗങ്ങളിലെ വാടകക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്പാണ് ഇവര്‍ കൊണ്ടോട്ടി വലിയപറമ്പില്‍ താമസം ആരംഭിച്ചത്.


 

Related News