മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്

  • 01/12/2022

കണ്ണൂര്‍: കണ്ണൂരില്‍ മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. മാഹി പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പന്തക്കല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. വടക്കുമ്പാട് കൂളിബസാറിലെ റസീന (29) എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്.  

ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റിരുന്നു. 

അപകടം നടന്ന ഉടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തി. ഇതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതോടെ ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പന്തക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പോലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തു.
 

Related News