പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് മുങ്ങി

  • 01/12/2022

ഇടുക്കി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി പരോളിലിറങ്ങിയ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപെട്ടത്. പോലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. 

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മാതാവ് വല്‍സമ്മയെ കാണുന്നതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇയാളെ കണ്ണൂരില്‍നിന്നു ഇവിടെ കൊണ്ടുവന്നത്. രണ്ട് പോലീസുകാരുമായാണ് വീട്ടിലെത്തിയത്. ഇവിടെ നിന്നും തിരികെ ഇറക്കാൻ വിലങ്ങ് വെക്കുന്നതിനിടെ പോലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

വീടിനു സമീപത്തുള്ള പൊന്മുടി വനമേഖലയിലേയ്ക്കാണ് ജോമോൻ രക്ഷപ്പെട്ടത്. പ്രതിക്കായി മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരച്ചിൽ ഊര്‍ജ്ജിതമാക്കി. 2015 ഫെബ്രുവരി രണ്ടിന്  കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻറിൽ വച്ച് രാജേഷ് എന്നയാളെ തലക്കടിച്ച്  കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. 

Related News