കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി

  • 01/12/2022

തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്. ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളാണുള്ളത്.


കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികള്‍ ഓണ്‍ലൈന്‍ വഴികാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രതികളായ ഉമേഷിനും ഉദയനും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍്റെ ആവശ്യം. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ് പ്രതിഭാഗം. വലിയ ചര്‍ച്ചയായ കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷം കഴിഞ്ഞാണ് വിധി പറയുന്നത്.

ആയുര്‍വേദ ചികിത്സക്കായി തിരുവനന്തപുരം പോത്തന്‍കോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച്‌ 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടില്‍ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു

Related News