'ഒരു ലിറ്റര്‍ കള്ള് കുടിക്കണം'; പരോളിനിറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത് ഷാപ്പിലേക്ക്

  • 02/12/2022


ഇടുക്കി: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത് കള്ളു കുടിക്കാന്‍. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെയാണ് മൂന്നാ‌‍ർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. 

പോലീസിനെ വെട്ടിച്ച് ജോമോൻ പൊൻമുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലിറ്റര്‍ കള്ള് കുടിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് പോലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോൻ പറയുന്നത്. പൊന്മുടിയിൽ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്.

മാതാപിതാക്കളെ സന്ദര്‍ശിച്ച് ഇവിടെ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് പോലീസുകാരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് പ്രതി രക്ഷപെട്ടത്. തെരച്ചിൽ നടത്തുന്നതിനിടെ വന മേഖലയില്‍ നിന്നും ജോമോൻ പുറത്തു വന്നതായി പോലീസിന് വിവരം ലഭിച്ചു.  പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്‍റെ പിടിയിലായത്.  

ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിതനായിരുന്ന ജോമോന്‍ വെളിച്ചമില്ലാതെയാണ് ദുര്‍ഘടമായ വനപ്രദേശത്ത് കഴിഞ്ഞത്. 2015 ഫെബ്രുവരിയിൽ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. ഇരട്ട ജീവപര്യന്തം ശിക്ഷ അനുവഭിച്ചു വരുന്നതിനിടെയാണ് പരോൾ അനുവദിച്ചത്.

Related News