താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

  • 02/12/2022

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10.15 ലോടെയാണ് സംഭവം.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു. ആറാം വളവിലെത്തിയപ്പോഴാണ് വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. 

ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ സഞ്ചാരികളെ പുറത്തിറക്കി. കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി തീയണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Related News