അരയിൽ തോർത്തു കെട്ടി സ്വര്‍ണം ഒളിപ്പിച്ചു; വിമാനം അടിയന്തരമായി ഇറക്കിയപ്പോള്‍ കസ്റ്റംസിന്‍റെ പിടിയില്‍

  • 03/12/2022

കൊച്ചി: വിമാനത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം സ്വദേശി സമദ് ആണ് പിടിയിലായത്. ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താനിരുന്ന സ്വർണമാണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്. 

അരയിൽ തോർത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ 1650 ഗ്രാം സ്വർണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയിൽ നിന്നു പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം കരിപ്പൂരില്‍ ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് വിമാനം ഇവിടെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. 

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നു യാത്രക്കാരെ മുഴുവൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി ടെർമിനലിലേക്കു മാറ്റി. തുടർന്ന് ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലേക്കു കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധന നടത്തുമ്പോഴാണ് സമദ് പിടിയിലായത്. 

സുരക്ഷാ പരിശോധന നടത്തിയപ്പോൾ താൻ പിടിക്കപ്പെടുമോയെന്ന ഭയം തോന്നിയ ഇയാള്‍ സ്വർണം ശുചി മുറിയില്‍ ഉപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടിൽ നിന്നും ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സിഐഎസ്എഫുകാരിൽ സംശയം തോന്നിച്ചു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി ദേഹാപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്കു മാറ്റിയ സ്വർണം കണ്ടെത്തിയത്.  

Related News