കേരള നിയമസഭ സമ്മേളനം നാളെ തുടങ്ങും: ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പ്രധാന അജണ്ട

  • 04/12/2022

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങും. ഈ മാസം 15 വരെ ഒമ്ബത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. വിഴിഞ്ഞം സമരവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ദമാക്കും.


സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെയാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ വേണ്ടിയുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഓര്‍ഡിനന്‍സ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് നിയമസഭ സമ്മേളനം വിളിച്ച്‌ ബില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നാളെ മുതല്‍ 15 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ ആദ്യ ദിവസങ്ങളില്‍ കേരള പൊതുജന ആരോഗ്യബില്‍ അടക്കമുള്ളവയാണ് പരിഗണിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിഗണിക്കും. ബില്‍ വരുമ്ബോള്‍ പ്രതിപക്ഷ നിലപാട് സര്‍ക്കാര്‍ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂര്‍ണ്ണയോജിപ്പില്ല.

Related News