യൂത്ത് കോണ്‍ഗ്രസും ശശി തരൂരും പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നില്ല: കെ.എസ്. ശബരിനാഥന്‍

  • 04/12/2022

യൂത്ത് കോണ്‍ഗ്രസും ശശി തരൂരും പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍.

തരൂര്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. ഡി സി സി പ്രസിഡന്റിന്റെ പദവിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. ഒരുപാട് പ്രമുഖരായിട്ടുള്ള നേതാക്കള്‍ ഇരുന്ന സീറ്റാണത്. ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തു എന്ന് മാത്രമാണ് തരൂരിന്റെ പ്രതികരണമെന്നും കെ.എസ്. ശബരിനാഥന്‍ വ്യക്തമാക്കി.

തരൂ‍ര്‍ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗില്‍ വിമര്‍ശനം ഉയരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ലീഗ് എംഎല്‍എമാരുടെ യോഗത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത ചര്‍ച്ചയായത്. ശശി തരൂര്‍ - കോണ്‍ഗ്രസ് നേതൃത്വ തര്‍ക്കത്തില്‍ ലീഗിനുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു യോഗം. വിവാദം തുടരുന്നത് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും ലീഗ് വിലയിരുത്തി. വിവാദമവസാനിച്ചതിന് പിറകെ കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധി ആയെന്നും ലീഗ് വിലയിരുത്തി.

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തര്‍ക്കത്തില്‍ ഉടന്‍ പരിഹാരം വേണമെന്ന് കോണ്‍ഗ്രസിനോട് ലീഗ് ആവശ്യപ്പെടും. അതേസമയം, കെ.മുരളീധരന് മറുപടിയുമായി കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് രംഗത്തെത്തി. കെ.മുരളീധരന്‍ നടത്തിയത് അച്ചടക്ക ലംഘനമാണ്. മുരളീധരന്‍ പറയേണ്ടത് കെപിസിസി നേതൃത്വത്തോടാണ്.

തരൂര്‍ സന്ദര്‍ശനം അറിയിച്ചില്ലെന്ന തെറ്റായ കാര്യമാണ് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചതെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.

Related News