ഖാര്‍ഗെയുടെ ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി; സംഘടനാപരമായ വിവിധ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി

  • 04/12/2022

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സംഘടനാപരമായ വിവിധ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. സംഘടനാ ദൗര്‍ബല്യത്തിനെതിരെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഖാര്‍ഗെ ആമുഖ പ്രസംഗത്തില്‍ പരാമര്‍ശം നടത്താന്‍ മറന്നില്ല.


ഭാരത് ജോഡ‍ോ യാത്ര വലിയ വിജയമാണെന്ന സന്ദേശമാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്‍റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു എന്ന് പറ‍ഞ്ഞ ഖാര്‍ഗെ, ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേരുന്ന കാര്യവും ചൂണ്ടികാട്ടി. ഭാരത് ജോഡോ യാത്രയെ നോക്കികാണുന്നവര്‍ ഇക്കാര്യങ്ങള്‍ കാണാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും പാര്‍ട്ടിക്ക് മുന്നില്‍ ദേശീയ അധ്യക്ഷന്‍ മുന്നോട്ടുവച്ചു. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.സംഘടന സംവിധാനം താഴേ തട്ടില്‍ ശക്തമല്ലെങ്കില്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിക്ക് ഇങ്ങനെ മുന്‍പോട്ട് പോകാനാവില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്.

ഉത്തരവാദിത്തം മുകളില്‍ നിന്ന് താഴേ തട്ട് വരെ ഒരു പോലെയാണ്. ചുമതലകളുള്ളവര്‍ അവരുടെ കടമകള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണം. ചുമതല നല്‍കിയ പ്രദേശങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പത്ത് ദിവസമെങ്കിലും നില്‍ക്കുന്നുണ്ടോയെന്നും ഖര്‍ഗെ ചോദിച്ചു.

Related News