പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു

  • 05/12/2022

പോത്തന്‍കോട്: പത്തു വയസുള്ള കുട്ടിയെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബുവിന്‍റെയും ആശാദേവിയുടെയും മകനായ ആദിത്യനേയാണ് തെരുവുനായ കടിച്ചത്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പോത്തൻകോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യന്‍. വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തെരുവ് നായ ആക്രമിക്കാന്‍ വന്നപ്പോൾ കുട്ടി കൈകൊണ്ട് തടയാന്‍ ശ്രമിച്ചു.  ഇതോടെ നായ കുട്ടിയുടെ വലതു കാലിലെ തുടയിൽ കടിക്കുകയായിരുന്നു.  

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍വാസികളാണ് തെരുവ് നായയെ അടിച്ചോടിച്ചത്. തുടർന്ന് ആദിത്യനെ   തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സമീപത്തെ വീടുകളിലുള്ള വളർത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചതായി പറയുന്നു.  

Related News