കോടികൾ വിലവരുന്ന കസ്തൂരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; കൊന്നത് മൂന്ന്‌ കസ്‌‌തൂരിമാനിനെ

  • 05/12/2022

കണ്ണൂ‍ർ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. പാടിയോട്ടുചാൽ സ്വദേശികളായ എം റിയാസ്, ടി പി സാജിദ്, കെ ആസിഫ് എന്നിവരെയാണ് കണ്ണൂർ ഫ്ളൈയിങ്‌ സ്‌ക്വാഡ്‌ റെയ്‌ഞ്ച്‌ ഓഫീസറും സംഘവും പിടികൂടിയത്‌. 

തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സുഗന്ധദ്രവ്യമായ കസ്‌തൂരി വിൽക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ്‌ മൂവരും പിടിയിലായത്. മൂന്ന്‌ കസ്‌‌തൂരിമാനിനെ കൊന്നാണ്‌ കസ്‌തൂരി ശേഖരിച്ചത്‌. പത്തനംതിട്ട സ്വദേശികൾക്കാണ്‌ കസ്‌തൂരി വിൽക്കാൻ ശ്രമിച്ചത്‌. പയ്യന്നൂരിൽ കാത്തുനിൽക്കുന്നതിനിടയിലാണ്‌ സംഘത്തെ പിടികൂടിയത്.

അഞ്ച്‌ കോടി രൂപ വില ഉറപ്പിച്ചാണ് യുവാക്കള്‍ കസ്‌തൂരി വില്‍ക്കാന്‍ കൊണ്ടുപോയത്. പിടികൂടിയ കസ്‌തൂരി തുടർനടപടിക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക്‌ കൈമാറി. വന്യജീവിസംരക്ഷണ നിയമപ്രകാരം കസ്‌തൂരിമാനിനെ വേട്ടയാടുന്നത്‌ മൂന്ന് മുതൽ എട്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.  

Related News