ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • 06/12/2022

പെരുമ്പിലാവ്: വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കടയിലെ ജീവനക്കാരനാണ് റാഷിദ്. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്. ആറ് വര്‍ഷം മുൻപാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകള്‍ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. 

വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതേസമയം മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News