നെയ് തേങ്ങയോടൊപ്പം സന്നിധാനത്തെ ആഴിയിലേക്ക് അബദ്ധത്തിൽ മൊബൈൽ ഫോൺ എറിഞ്ഞ് ഭക്തന്‍; തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ

  • 06/12/2022

ശബരിമല: നെയ് തേങ്ങയോടൊപ്പം അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് മൊബൈല്‍ ഫോണും എറിഞ്ഞ് ഭക്തന്‍. ഒടുവില്‍ തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലമാണ് ഫോണ്‍ തിരികെ ലഭിച്ചത്. 

കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് തിരിച്ചെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ആഴിയിലേക്ക് തേങ്ങ എറിയുന്നതിനിടെ മൊബൈൽ ഫോണും വീഴുകയായിരുന്നു. 

അഗ്നിരക്ഷാസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘമെത്തിയാണ് ഫോണ്‍ തിരിച്ചെടുത്തത്. ഫോൺ പുറത്തെടുക്കുന്നതിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. ഫയർ ഓഫിസറായ വി. സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ഇദ്ദേഹം സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

 

Related News