ആത്മീയഗുരുവെന്ന വിശ്വാസം പിടിച്ചു പറ്റി വര്‍ഷങ്ങളോളം പീഡിപ്പിച്ചു; വടകര സ്വദേശി അറസ്റ്റിൽ

  • 07/12/2022

ഒറ്റപ്പാലം: ആത്മീയഗുരുവെന്ന വിശ്വാസം പിടിച്ചു പറ്റി യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ വടകര സ്വദേശി അറസ്റ്റിൽ. വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. 

തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണനയില്‍ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി. 2002 മുതല്‍ 2020 വരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പീഡനം തുടര്‍ന്നിരുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിച്ചു. 16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്. 

സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നത് എന്നാണ് പരാതി. യുവതി വിവാഹിതയായതിന് ശേഷവും തങ്ങള്‍ എത്തിയിരുന്നു. ഈ ബന്ധമറിഞ്ഞ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസും പറഞ്ഞു.  ഒറ്റപ്പാലം പോലീസ് വടകരയിലെത്തിയാണ് സിദ്ധനെ അറസ്റ്റ് ചെയ്തത്.

Related News