കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പൊട്ടിക്കും; കുപ്രസിദ്ധ മോഷ്ടാവ് മിഠായി ബഷീര്‍ പിടിയില്‍

  • 08/12/2022

മലപ്പുറം: വിവിധ മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറത്ത് പിടിയില്‍. പേരാമ്പ്ര ബഷീര്‍ എന്ന മിഠായി ബഷീറിനെയാണ് തിരൂര്‍ കല്‍പകഞ്ചേരി പോലീസ് പിടികൂടിയത്. 

കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പൊട്ടിച്ചെടുക്കുന്നതാണ് ബഷീറിന്റെ രീതി. വാഹന മോഷണം, മാല പിടിച്ചുപറി ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. വിവിധയിടങ്ങളില്‍ മോഷണം നടത്തിയ ശേഷം എറണാകുളം പെരുമ്പാവൂരില്‍ മറുനാടന്‍ തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

പരപ്പനങ്ങാടിയില്‍ ബൈക്ക് മോഷണത്തിനും കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളുടെ മാല പിടിച്ചുപറിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു പിടിച്ചുപറി നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്നയാളാണ് കളവുമുതലുകള്‍ വില്‍ക്കുന്നതിന് ബഷീറിനെ സഹായിച്ചിരുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബഷീറിന്റെ ഒളിത്താവളം കണ്ടെത്തിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റും ഇരുവരും ചേര്‍ന്ന് നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ബഷീര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.


 

Related News