തന്റെ ഭാവി പാര്‍ട്ടി തീരുമാനിക്കും; മന്ത്രിസഭയിലേക്ക് തിരികെയെന്ന വാർത്തകളോട് പ്രതികരിച്ച് സജി ചെറിയാൻ

  • 09/12/2022

തിരുവനന്തപുരം: തന്റെ ഭാവി പാര്‍ട്ടി തീരുമാനിക്കുമെന്ന് സജി ചെറിയാന്‍ എം എല്‍ എ. തനിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച സജി ചെറിയാന്റെ എം എല്‍ എ പദവിക്ക് അയോഗ്യത കല്‍പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.

മലപ്പുറം സ്വദേശി ബിജു പി ചെറുമന്‍, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളിയത്. കഴിഞ്ഞ ജൂലായില്‍ പത്തനംതിട്ട മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയെ വിമര്‍ശിച്ച്‌ സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗുരുതര കുറ്റമായി കണക്കാക്കി എം എല്‍ എ സ്ഥാനത്തു നിന്ന് നീക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Related News