ഗവര്‍ണറെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിൽ കോണ്‍ഗ്രസ് യൂടേണ്‍ എടുത്തത് ലീഗിനെ ഭയന്ന്: കെ സുരേന്ദ്രൻ

  • 09/12/2022

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് യൂടേണ്‍ എടുത്തത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബില്ലിനെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് മുസ്ലിംലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയാണ്.


ഗവര്‍ണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമായിട്ടും മുഖ്യപ്രതിപക്ഷം അതിനെ അനുകൂലിക്കുന്നതിലൂടെ ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. 1986ലെ ഷാബാനു കേസ് കാലം മുതല്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിരോധം കൊണ്ട് നടക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. മതമൗലികവാദവും സ്ത്രീവിരുദ്ധതയും മാത്രമാണ് ലീഗിന്റെ നിലപാടിന്റെ പിന്നില്‍. വിഡി സതീശന്‍ മുസ്ലിംലീഗിന് കീഴടങ്ങുന്നത് മതമൗലികവാദത്തിന് കീഴടങ്ങുന്നതിന് തുല്ല്യമാണ്.

ജനാധിപത്യവിരുദ്ധമായ ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് രാജ്യത്ത് മറ്റൊരിടത്തും കാണാത്തതാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിഡി സതീശനും കോണ്‍ഗ്രസും അതിന് കുടപിടിക്കുകയാണ്. നിയമവിരുദ്ധവും യുജിസി നിയമങ്ങള്‍ക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഭരണ-പ്രതിപക്ഷം ചെയ്യുന്നത്.

ഇപ്പോള്‍ തന്നെ നാഥനില്ലാ കളരിയായ കേരളത്തിലെ സര്‍വ്വകലാശാലകളെ പാര്‍ട്ടി സെന്ററുകളാക്കി മാറ്റാനാണ് പുതിയ ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ കോടതികള്‍ക്ക് മുമ്ബില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നിയമസഭയെ ഉപയോഗിച്ച്‌ അതെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍വ്വകലാശാലകളുടെ സ്വയം ഭരണം തകര്‍ക്കാനും പാര്‍ട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുമാണ് ഈ ബില്‍ എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related News