ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി സ്വര്‍ണം; യാത്രക്കാരന്‍ വിമാനത്താവളത്തിൽ പിടിയില്‍

  • 09/12/2022

നെടുമ്പാശേരി: ട്രോളി ബാഗില്‍ ബട്ടണ്‍ രൂപത്തിലാക്കി ഒളിപ്പിച്ച് അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 6.5 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. 

ദുബായില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശി മുഹമ്മദാണ് 140 ഗ്രാം സ്വര്‍ണം നാല് ബട്ടന്‍സുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. ഇയാളെ പിടികൂടി. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. 

ശേഷം ടിഷ്യൂ പേപ്പറുകൾ കൊണ്ട് പൊതിഞ്ഞു. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്ന് കൈമാറ്റിയില്ല. തുടര്‍ന്ന് സംശയം തോന്നിയ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

Related News