ദുര്‍മരണമൊഴിവാക്കാന്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച; 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി

  • 10/12/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്ധവിശ്വാസത്തിന്റെ പേരിൽ വന്‍ കവര്‍ച്ച. തിരുവനന്തപുരം വെള്ളായണിയിലാണ് ദുര്‍മന്ത്രവാദം നടത്തി സ്വർണവും പണവും തട്ടിയെടുത്തത്. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കള്‍ക്കുമാണ് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടത്. 

കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വെള്ളായണി കൊടിയില്‍ വീട്ടിലെ വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവത്തില്‍ അഭയം പ്രാപിച്ചത്. അടിക്കടി അഞ്ചു മരണങ്ങള്‍ ഉണ്ടായപ്പോഴാണ് ഇവര്‍ ആള്‍ദൈവത്തെ സമീപിച്ചത്. 

കഴിഞ്ഞ വര്‍ഷം വിദ്യയും നാലംഗസംഘവും പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി പകലും രാത്രിയിലും പൂജകള്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് പൂജയുടെ ഭാഗമായി സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞു. മുറിക്കുള്ളില്‍ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാല്‍ കരിനാഗം കടിക്കുമെന്നും ഇവര്‍ വീട്ടുകാരെ ഭയപ്പെടുത്തി. പിന്നീട് ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തി മടങ്ങും. 

എന്നാല്‍ ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിനായി സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞു. ശാപം തീരുമെന്ന് പറഞ്ഞ തീയതികള്‍ നീട്ടിയതോടെ വീട്ടുകാര്‍ തന്നെ അലമാര തുറന്നു നോക്കിയപ്പോഴാണ് ചതി മനസ്സിലായത്. അലമാരിയില്‍ സ്വര്‍ണവും പണവും ഇല്ലെന്ന് കണ്ടതോടെ നിരവധി തവണ പല പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ നടപടിയുണ്ടായില്ല. ഒടുവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. നേമം പോലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

 

Related News