വിമാനത്തിന്‍റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവം; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ല

  • 10/12/2022

ദുബായ്: വിമാനത്തിന്‍റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ല. കോക്പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം. 

വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ നടനെ വിട്ടയക്കാൻ തീരുമാനിച്ചു. സംഭവത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിന് തുണയായി. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷൈൻ ടോം ചാക്കോയെ വിട്ടയച്ചത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു വ്യക്തമായതോടെയാണ് ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. പുതിയ ചിത്രം 'ഭാരത സര്‍ക്കസി'ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്.  

കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതോടെ ക്യാബിന്‍ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചു. ചെറിയ രീതിയില്‍ ബഹളമുണ്ടായി. ഇതോടെ നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. നടനെ ഇറക്കിയശേഷം മുക്കാൽ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്. 
 
 

Related News