മാൻഡസ് ചുഴലിക്കാറ്റ്; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമാകും

  • 11/12/2022

തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തമായി തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരുമെന്നാണ് ഏറ്റവും ഒടുവിലായി കാലവസ്ഥ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത. 

മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം കനത്ത മഴയില്‍ ഇരിങ്ങാലക്കുട കല്ലടയിൽ മതില്‍ ഇടിഞ്ഞ് വീണു. കോട്ട പടി സതീഷിന്റെ മതിലാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കാന നിര്‍മ്മാണത്തിനായി മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 
 
അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ ശക്തമായേക്കുമെന്നാണ് നേരത്തെ നല്‍കിയ അറിയിപ്പ്. ഞാ‌യർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Related News