സ്‌കൂള്‍ പരിസരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു

  • 11/12/2022

പാലക്കാട്: പാലക്കാട് തൃത്താലയില്‍ സ്‌കൂള്‍ പരിസരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു. സ്‌കൂള്‍ പരിസരത്തെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവിനാണ് പൊള്ളലേറ്റത്. 

അഭിനവിനെ ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അഭിനവിന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു.  നവംബറില്‍ സ്‌കൂളില്‍ ഉപജില്ല കായികമേള ഇവിടെ നടന്നിരുന്നു. 

ഇതിന് ശേഷം മാലിന്യങ്ങള്‍ കൂട്ടിവെച്ചിരുന്നു. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ വിദ്യാര്‍ഥികളോടൊപ്പം അധ്യാപകര്‍ മാലിന്യം കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ചികിത്സയ്ക്ക് ശേഷം അഭിനവിനെ വീട്ടിലേക്ക് അയച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Related News