കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം, പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

  • 12/12/2022

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നീക്കത്തിന് പിന്നില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അറച്ചുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


കെ. റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിക്കില്ല. ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി തത്വത്തില്‍ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍വേകല്ലുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്ബോള്‍ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related News