കൈക്കുഞ്ഞിനെ പരിചരിക്കാത്തതിന് വഴക്ക് പറഞ്ഞു; ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റില്‍

  • 12/12/2022

ആലപ്പുഴ: കൈക്കുഞ്ഞിനെ ശരിയായി പരിചരിക്കാത്തതിന് വഴക്ക് പറഞ്ഞ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുമ്മൂട്ടില്‍ ആണ് സംഭവം.നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍  മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കതിൽ ബിപിൻ (29) എന്നിവരാണ് അറസ്റ്റിലായത്. 

നവംബർ 29ന് രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ നോക്കാത്തിന് വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് ഭര്‍തൃപിതാവിനെ സുഹൃത്തിന്‍റെ സഹായത്തോടെ മരുമകള്‍ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ഒരാള്‍ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. വീടിന് അടുത്തെത്താറായപ്പോഴാണ് വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകും ചെയ്തത്. അടിയേറ്റ് രാജു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

ആരാണ് അടിച്ചതെന്നോ എന്തിനാണെന്നോ രാജുവിന് മനസ്സിലായില്ല. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ആളെ തിരിച്ചറിയാനായില്ല. ഇതിനിടെയാണ് അക്രമണം നടന്ന ദിവസം വൈകിട്ട് രാജു മരുമകളെ വഴക്ക് പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചത്. 

കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതായിരുന്നു.  തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് പോലീസ് കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി തന്‍റെ സുഹൃത്തായ ബിപിനെ അറിയിച്ചിരുന്നു. ബിപിൻ എത്തി രാജുവിനെ കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പോലീസ് കണ്ടെടുത്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related News