കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി കൊല്ലത്ത് നാലുപേർ പിടിയില്‍

  • 12/12/2022

കൊല്ലം: കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി കൊല്ലത്ത് നാലുപേർ പിടിയിൽ. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം പുനലൂര്‍ പോലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരെ അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറുകയായിരുന്നു. 

തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു. പുനലൂരിലെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു ശ്രമം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. തിമിംഗല ഛര്‍ദ്ദി കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു വനംവകുപ്പ് അറിയിച്ചു.

Related News