കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങവേ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു

  • 12/12/2022

അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരന്‍ ) വീട്ടില്‍ പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ കൊച്ചിയില്‍  നടന്ന മത്സരം കണ്ടു കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അങ്കമാലിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ സഹോദരനെ വിളിച്ച് കൂട്ടിക്കൊണ്ടുവരാന്‍ എത്താന്‍ പറയുകയും അങ്കമാലിയില്‍ ട്രെയിന്‍ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിറുത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു.

ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിനിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല. ഫോണ്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകി. 

മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎ യ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി. ഡാലിൻ ഏക സഹോദരനാണ്.  


 

Related News