ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഇന്ത്യൻസ് ഇൻ കുവൈറ്റ് - ഉന്നത വിദ്യാഭ്യാസ മേള-2022

  • 13/12/2022



ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റും ഇന്ത്യൻസ് ഇൻ കുവൈറ്റും സംയുക്തമായി ഉന്നത വിദ്യാഭ്യാസ മേളയുടെ നാലാമത് എഡിഷൻ സംഘടിപ്പിച്ചു. 2022 ഡിസംബർ 9, 10 തീയതികളിൽ ഐ.സി.എസ്.കെ സീനിയർ കാമ്പസിൽ നടന്ന മേളയിൽ മുപ്പതോളം പ്രശസ്തമായ ബിസിനസ്, മെഡിക്കൽ, എഞ്ചിനീയറിംഗ്, മറ്റു പ്രൊഫഷണൽ കോളേജുകളും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവ്വകലാശാലകളും പങ്കെടുത്തുകൊണ്ട് ലഭ്യമായ ഏറ്റവും പുതിയ വിദ്യാഭ്യാസ അവസരങ്ങൾ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 9-ന് പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഉന്നത വിദ്യാഭ്യാസ മേള-2022 ഫ്ലാഗ് ഓഫ് ചെയ്തു. കുവൈത്തിലെ ശ്രീലങ്കൻ അംബാസഡർ ഹിസ് എക്സലൻസി യു. എൽ. മുഹമ്മദ് ജൗഹർ മുഖ്യാതിഥിയും, കുവൈറ്റ് രാജകുടുംബാംഗവും അറബ് അക്കാദമി ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് - എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനും കുവൈറ്റ് തുറമുഖ അതോറിറ്റി മുൻ ഡയറക്ടർ ജനറലുമായ ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് അൽ നാസർ അൽ സബാഹ് വിശിഷ്ടാതിഥിയുമായിരുന്നു. 
പ്രമുഖ കരിയർ വിദഗ്ധനും മുൻ പ്രവേശന പരീക്ഷാ കമ്മീഷണറുമായ ഡോ. എസ്. രാജു കൃഷ്ണൻ, വിഖ്യാത കരിയർ കോച്ചും കൗൺസിലറുമായ ശ്രീ. സജിത്ത് തോമസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശ്രീ. ഷെയ്ഖ് അബ്ദുൾ റഹിമാൻ, ഇന്ത്യൻസ് ഇൻ കുവൈറ്റ് ഡയറക്ടർ ശ്രീ. സുനോജ് നമ്പ്യാർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി വൈസ് ചെയർമാൻ ശ്രീ വിനുകുമാർ നായർ, ഓണററി ജോയിന്റ് സെക്രട്ടറി ശ്രീ ആഗ്നെല്ലോ എ.എസ്. ഫെർണാണ്ടസ്, ഇന്ത്യൻസ് ഇൻ കുവൈറ്റ് പ്രതിനിധികളായ ക്രോഫോർഡ് വിൽസൺ ഡിസൂസ, ജോർജ് മാത്യു, ജാബ്രിയ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. അച്യുതൻ മാധവ്, ഫഹാഹീൽ അൽ വത്തനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി, ഐ.സി.എസ്.കെ. അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ ശ്രീ.രാജേഷ് നായർ, ഐ.സി.എസ്.കെ.  ഖൈത്താൻ പ്രിൻസിപ്പൽ ശ്രീ. ഗംഗാധർ ഷിർസാത്ത്, ഐ.എസ്.ഇ.കെ ഡയറക്ടർ ശ്രീമതി ഷേർളി ഡെന്നിസ്, സാരഥി കുവൈറ്റ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. എൻ.എസ്. ജയകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കുവൈറ്റിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കുമായി സ്കൂൾ തലത്തിൽ ഇത്തരമൊരു ഉന്നത വിദ്യാഭ്യാസ മേളയ്ക്ക് സൗകര്യമൊരുക്കിയ ഐ.സി.എസ്.കെ. സീനിയറിന്റെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾ അവരുടെ കാമ്പസിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. അമേരിക്കൻ സായുധ സേനയുടെ മുദ്രാവാക്യം ഉദ്ധരിച്ചുകൊണ്ട്, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ അപ്പോൾത്തന്നെ ചെയ്യാനും, അസാധ്യമായവ അല്പം സമയമെടുത്ത് വിജയകരമാക്കാനും ആഹ്വാനം ചെയ്തു. കൃത്യമായ ലക്ഷ്യബോധവും മികവുറ്റ മാർഗ്ഗനിർദ്ദേശവും കണിശമായ പരിശീലനവും ചിട്ടയായ പ്രവർത്തനവുമുണ്ടെകിൽ അസാധ്യമായത് ഒന്നുമില്ലെന്ന ഉത്ബോധനമാണ് ഏതൊരു സേനക്കുമെന്നപോലെ വിദ്യാർത്ഥികൾക്കും വേണ്ടതെന്ന് സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.  എല്ലാ വിശിഷ്ടാതിഥികളെയും അദ്ധ്യാപകരേയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉന്നത വിദ്യാഭ്യാസ മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
ശ്രീ യു.എൽ. മുഹമ്മദ് ജൗഹറും ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹും ചേർന്ന്  നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദീപം തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേളയുടെ തുടക്കം മുതൽ നാളിതുവരെയുള്ള നാഴികക്കല്ലുകൾ അണിനിരത്തി തയ്യാറാക്കിയ ഹ്രസ്വചിത്രം ചിന്തോദ്ദീപകമായിരുന്നു. ഐ.സി.എസ്.കെ. വിദ്യാർത്ഥികളുടെ നൃത്തസംഘമായ "നാട്യാഞ്ജലി"യുടെ നൃത്തവും എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലെമിംഗോ നൃത്തവും നയനമനോഹരങ്ങളായിരുന്നു. സ്കൂൾ സംഗീത ബാൻഡായ "സ്വരാഞ്ജലി" യുടെ ഗാനങ്ങളും ടെലിവിഷൻ ഫെയിം കുമാരി. റൂത്ത് ആൻ ടോബിയുടെ അറബി ഗാനവും ഹൃദ്യമായി.
ശ്രീലങ്കൻ സ്ഥാനപതി ശ്രീ. യു.എൽ. മുഹമ്മദ് ജൗഹർ, തന്നെ മുഖ്യാതിഥിയായി ക്ഷണിച്ച സ്‌കൂൾ അധികൃതരോടുള്ള കൃതജ്ഞത രേഖപ്പെടുത്തി. ആത്മീയതയില്ലാതെ മൂല്യങ്ങളില്ലെന്നും ലക്ഷ്യത്തിലെത്താൻ ശരിയായ പാത തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. മൂല്യങ്ങളെ മറികടക്കാൻ ഒരാൾ ശ്രമിച്ചാൽ, ആ വ്യക്തിയുടെ ജീവിതം ദുരിതത്തിലായേക്കാം. വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങളിൽ എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു. 
വിശിഷ്ടാതിഥി ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് സദസ്സിനെ അഭിസംബോധന ചെയ്തു. ഇരുണ്ട തുരങ്കത്തിന്റെ അങ്ങേയറ്റത്തെ വെളിച്ചമാണ് മാതാപിതാക്കളും അധ്യാപകരും എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളോട് ആത്മാഭിമാനം വളർത്തിയെടുക്കാനും മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വിജയത്തിലേക്കുള്ള ആദ്യപടി എന്ന നിലയിൽ സ്‌കൂളിലും കോളേജിലും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം: പ്രശ്‌നങ്ങളിൽ അകപ്പെടാതെ നല്ല രീതിയിൽ വളർച്ച കൈവരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ജീവിതത്തിൽ മികവ് പുലർത്തേണ്ടത് വളരെ പ്രധാനമായതിനാൽ ആസൂത്രണത്തിന്റെയും ശരിയായ മാർഗ്ഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും നേതൃപാടവം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പ്രമുഖ കരിയർ കോച്ചും മുൻ പ്രവേശന പരീക്ഷാ കമ്മീഷണറും മേളയിലെ കരിയർ ഗൈഡൻസ് സെമിനാറിന്റെ റിസോഴ്‌സ് പേഴ്സനുമായ ഡോ. എസ്.രാജു കൃഷ്ണൻ, തൊഴിലിന് അനുരൂപമായ വ്യക്തിത്വ വികസനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. പ്രശസ്ത കരിയർ ഗുരുവും മേളയുടെ അഭിരുചി പരീക്ഷയുടെയും വ്യക്‌തിഗത കൗൺസിലിങ്ങിന്റെയും മേധാവിയുമായ ശ്രീ സജിത്ത് തോമസ്, കരിയർ മാപ്പ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കോളേജ് - യൂണിവേഴ്സിറ്റി എക്സ്പോ ഔദ്യോഗികമായി ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശ്രീ. ഷെയ്ഖ് അബ്ദുൾ റഹിമാൻ, ഇന്ത്യൻസ് ഇൻ കുവൈറ്റ് ഡയറക്ടർ ശ്രീ. സുനോജ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികൾക്കുള്ള സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. ക്ഷണിക്കപ്പെട്ട എല്ലാ അതിഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫിസിക്സ് വിഭാഗം മേധാവിയും മേളയുടെ പ്രൊജക്റ്റ് ഡയറക്ടറുമായ ശ്രീമതി സൂസൻ ജോർജ്ജ് നന്ദി രേഖപ്പെടുത്തി.
അന്വേഷണങ്ങൾക്കും പ്രവേശന പ്രാരംഭപ്രവർത്തികൾക്കുമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും എക്‌സ്‌പോ സന്ദർശിച്ചു. തങ്ങളുടെ യൂണിവേഴ്സിറ്റി / കോളേജ് വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത കോഴ്സുകളുടെ സ്വഭാവവും വ്യാപ്തിയും പ്രാധാന്യവും പ്രതിനിധികൾ അവതരിപ്പിച്ചു. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓരോ കോഴ്സിനെ കുറിച്ചും സമഗ്രമായ അറിവു പകർന്നു.
ഡിസംബർ 9, 10 തീയതികളിൽ അഞ്ച് കരിയർ ഗൈഡൻസ് സെഷനുകൾ ഡോ.എസ്.രാജു കൃഷ്ണൻ നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ സെഷനുകളിൽ പങ്കെടുത്തു. ആധുനികാനന്തര കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കുള്ള വ്യത്യസ്ത തൊഴിൽ അവസരങ്ങളെക്കുറിച്ചും തൊഴിൽ തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താമെന്നും ലഭ്യമായ വിവിധ കോഴ്‌സുകളെക്കുറിച്ചും സെഷനുകൾ വെളിച്ചം നൽകി. ചർച്ച ചെയ്ത മിക്ക വിവരങ്ങളും പുതിയതും വിദ്യാർത്ഥികൾക്ക് സഹായകരവും വളരെ ഫലപ്രദവുമായിരുന്നു.

ഇരുനൂറിലധികം വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്ത് കരിയർ മാപ്പ് ചെയ്തു. ഈ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പ്രശസ്ത കരിയർ ഗുരുവായ ശ്രീ. സജിത്ത് തോമസുമായി വ്യക്തിഗത കൗൺസിലിംഗ് സെഷനുകൾക്ക് വിധേയരായി. ഓരോ വിദ്യാർത്ഥിയുടെയും, അറിവിന്റെയും കഴിവിന്റെയും വ്യക്തമായ ചിത്രം അവതരിപ്പിക്കുന്ന സമഗ്രമായ വിലയിരുത്തൽ റിപ്പോർട്ട് കരിയർ വിദഗ്ധൻ നൽകി. തുടർന്ന് ശരിയായ കരിയർ തിരഞ്ഞെടുക്കാൻ അദ്ദേഹം വിദ്യാർത്ഥികൾക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ആധുനിക വിദ്യാഭ്യാസ മേഖലയിൽ ലഭ്യമായ വിവിധ അവസരങ്ങളെ പരിചയപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മേള വിദ്യാർത്ഥികളെ സഹായിച്ചു. വിവിധ പഠന ലക്ഷ്യങ്ങളെക്കുറിച്ചും ലഭ്യമായ പഠന പരിപാടികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ചിത്രം നൽകുന്ന രീതിയിലായിരുന്നു മേള രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിലും വിദേശത്തും തുടർവിദ്യാഭ്യാസത്തിന് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ മേള ഉപകാരപ്രദമായി. 
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ചേർത്തു നിർത്തുന്ന "ഇന്ത്യൻസ് ഇൻ കുവൈറ്റ്" എന്ന വെബ് പോർട്ടലും, കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനും പ്രചോദനമേകുന്ന “ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റും” സംയുക്തമായി നടത്തിയ ഉന്നത - തുടർ വിദ്യാഭ്യാസ മേള വരുംവർഷങ്ങളിലും മികവിൻറെ മകുടോദാഹരണങ്ങളായി അറിയപ്പെടട്ടെയെന്ന് ആശംസിക്കാം.

Related News