ഗവര്‍ണറെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഒത്തുകളി വ്യക്തമായതായി കെ സുരേന്ദ്രൻ

  • 13/12/2022

തിരുവനന്തപുരം:ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ നിയമസഭയില്‍ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ 14 സര്‍വ്വകലാശാലകളിലും സിപിഎമ്മിന്‍റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വിഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്.


പ്രതിപക്ഷ ധര്‍മ്മം മറന്നതുകൊണ്ടാണ് യുഡിഎഫ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിര്‍ക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുസ്ലിംലീഗിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും മുഖമുദ്രയാക്കിയ ലീഗില്‍ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ കോടതികള്‍ക്ക് മുമ്ബില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നിയമസഭയെ ഉപയോഗിച്ച്‌ അതെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

സര്‍വ്വകലാശാലകളുടെ സ്വയം ഭരണം തകര്‍ക്കാനും വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍. ഇപ്പോള്‍ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങള്‍ക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related News