സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റ് വത്കരണം; അപകടകരമെന്ന് പ്രതിപക്ഷ നേതാവ്

  • 13/12/2022

സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റ് വത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റെ പരാമര്‍ശം.


'ഒരു കാലത്തും പ്രതിപക്ഷം ഗവര്‍ണര്‍ക്കൊപ്പം നിന്നിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷത്തെ ഒരുമിച്ച്‌ അക്രമിച്ചിട്ടുണ്ട്. എന്നാല്‍ ക്രിയാത്മകമായി സര്‍ക്കാരിനോട് സഹകരിക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. ചാന്‍സലറെ തീരുമാനിക്കാനുള്ള സമിതിയില്‍ പ്രതിപക്ഷത്തെ ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല'-വി.ഡി സതീശന്‍ പറഞ്ഞു. അക്കാദമിക വിദഗ്ധരെ നിയമിക്കുമെന്ന സര്‍ക്കാര്‍ വാദത്തില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിന് ദുരുദ്ദേശമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ സംഘി വത്കരണത്തെക്കാള്‍ അപകടകരമാണ് മാര്‍ക്‌സിസ്റ്റ് വത്ക്കരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ബില്ലവതരണത്തില്‍ പ്രതിപക്ഷം നല്‍കിയത് ഫലപ്രദമായ നിര്‍ദേശമാണ്. നിലവിലുള്ളത് പോലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ മാത്രം മതി. വിരമിച്ച സുപ്രിംകോടതി ജസ്റ്റിസോ, ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിര്‍ദേശം. എന്നാല്‍ ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് നിയമമന്ത്രി നിലപാടെടുത്തു.

Related News