ഭാര്യയെ ശല്യം ചെയ്‌തു; യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊന്നു

  • 13/12/2022

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തി. മാള വലിയപറമ്പിൽ ആണ്സംഭവം. മുരിങ്ങൂർ സ്വദേശി മിഥുനെയാണ് കൊലപ്പെടുത്തിയത്. പാറക്കാട്ടിൽ ബിനോയിയാണ് പ്രതി. 

വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഭാര്യയെ ശല്യം ചെയ്‌തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. വലിയപറമ്പിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിലെത്തിയ മിഥുൻ ബിനോയിയുമായി തർക്കത്തിലേര്‍പ്പെടുകയായിരുന്നു.

ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.  പോലീസ് ഇടപെട്ട് പലതവണ ഇത് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള വൈരാഗ്യം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്. തര്‍ക്കത്തിനിടെ ബിനോയ് മിഥുനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് വയറിലും മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

Related News