ഗവർണറുടെ നടപടിക്കെതിരെ സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ വിധി പറയൽ മാറ്റി

  • 15/12/2022

കൊച്ചി: കേരള സര്‍വ്വകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വിധി പറയല്‍ 22 ലേക്ക് മാറ്റി. പുതിയ കക്ഷിചേരല്‍ ഹര്‍ജിയെ തുടര്‍ന്നാണ് വിധിപറയല്‍ മാറ്റിയത്.


കേരള സര്‍വ്വകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജികള്‍. എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്ന് പുറത്താക്കിയതെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചിരുന്നു.

ചാന്‍സലറായ തന്റെ നടപടികള്‍ക്കെതിരെ ഹര്‍ജിക്കാര്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്നും ,സെനറ്റ് താനുമായി നിഴല്‍ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രീതി പിന്‍വലിക്കുന്നത് നിയമ പ്രകാരമാകണമെന്ന് കോടതിയും ചൂണ്ടിക്കാട്ടുകയുണ്ടായി.

കേരള സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ നിയമനത്തിന്‌ രണ്ട്‌ അംഗങ്ങളെ ഉള്‍പ്പെടുത്തി സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌, തിരക്കിട്ട്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. . സെനറ്റ്‌ അംഗങ്ങളില്‍ സമ്മര്‍ദം ചെലുത്താനാണിതെന്ന് ചാന്‍സലര്‍ക്ക്‌ പറയാമെങ്കിലും വേഗത്തില്‍ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത് ശരിയായില്ലെന്ന്‌ കോടതി വ്യക്തമാക്കി.

Related News