പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐയ്ക്കെതിരെ കേസ്

  • 15/12/2022

തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചതിന് സിഐയ്ക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂർ സിഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

കേസ് ഒതുക്കി തീര്‍ക്കാന്‍ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 27കാരനെ രണ്ടുമാസം മുൻപാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിന്നും രക്ഷിക്കാൻ 50,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. അതിനു തയാറാകാത്തതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. 

പോക്‌സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് പോലീസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കാര്യം പ്രതി വെളിപ്പെടുത്തിയത്.  ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി അയിരൂര്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. നേരത്തെ കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
  

Related News