ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിലെ ആശയക്കുഴപ്പം; ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്

  • 15/12/2022

കോഴിക്കോട്: ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ടുളള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും.

ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി . ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൻമേൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമേ റിപ്പോർട്ടിലുളളൂ. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. 

കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് പഞ്ചായത്തുകൾ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരത്തിനിറങ്ങുന്നത്. സ്ഥല പരിശോധന നടത്തി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ റവന്യൂ തദ്ദേശഭരണ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ടങ്കിലും നടപടികൾക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികൾ വേഗത്തിലാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

Related News