'ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയതോടെ വസ്ത്രധാരണത്തില്‍ മാറ്റം'; യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

  • 17/12/2022

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കന്യാകുമാരി തക്കലയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തക്കല സ്വദേശി എബനേസര്‍ (35) ആണ് ഭാര്യ ജെബ ബെർനിഷ(31)യെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച എബനേസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു കൊലപാതകം. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ മൂന്നുമാസമായി ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു ബെര്‍നിഷ. കോഴ്സിന് ചേർന്ന ശേഷം ബെര്‍നിഷയുടെ വസ്ത്ര ധാരണ രീതിയിൽ മാറ്റം വന്നെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുക്കളും ഇടപെട്ടിരുന്നു. കുടുംബവീട്ടില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് എബനേസര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് എബനേസര്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. 

ജെബയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വീട്ടിലെത്തിയ എബനേസറിനെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  


 

Related News