ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ കെടുകാര്യസ്ഥത കാണിക്കുന്നു; സമരം ഏറ്റെടുക്കാനൊരുങ്ങി യു ഡി എഫ്

  • 18/12/2022

ബഫര്‍ സോണ്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ചിരിക്കുന്ന കെടുകാര്യസ്ഥത മാപ്പ് അര്‍ഹിക്കാത്തതാണ്. യുഡിഎഫ് സര്‍ക്കാരിന്‍്റെ കാലത്ത് കൃത്യപ്പെടുത്തിയതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്‍്റെ സംശയം തീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


എല്‍ഡിഎഫ് സര്‍ക്കാര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ആശയകുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് പിണറായി സര്‍ക്കാര്‍ ഇറക്കിയത്. മാന്യുവല്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സാറ്റ്‌ലൈറ്റ് പരിശോധനയില്‍ കാര്യങ്ങള്‍ അവ്യക്തമാണ്. മാന്യുവല്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയാറല്ല. യുഡിഎഫ് പ്രശ്നത്തെ കുറിച്ച്‌ ഗൗരവത്തില്‍ പഠനം നടത്തുമെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ അടിയന്തിരമായി മാന്യുവല്‍ സര്‍വേ നടത്താന്‍ തയ്യാറാകണം. സാറ്റലൈറ്റ് സര്‍വേ കോടതിയില്‍ നല്‍കരുത്. മാനുവല്‍ സര്‍വേ നടത്തുന്നത് സംബന്ധിച്ച്‌ ജനപ്രതിനിധികളുടെ യോഗം വിളിക്കണം. സര്‍ക്കാര്‍ കോടതിയില്‍ നിന്ന് സാവകാശം തേടണം. നിരവധി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണിത്. സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവത്തില്‍ കാണണം. ബഫര്‍ സോണില്‍ ഇരകളാകുന്ന ജനങ്ങളെ ചേര്‍ത്ത് പിടിച്ച്‌ യുഡിഎഫ് ശക്തമായ സമരത്തിനിറങ്ങും. അതി ശക്തമായി സമരം നടത്തും. കെ റെയില്‍ മോഡല്‍ സമരം യുഡിഎഫ് നടത്തും. സാറ്റ്ലൈറ്റ് സര്‍വേ അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Related News