പരിസ്ഥിതിയെ സംരക്ഷിക്കണം അതോടൊപ്പം ജനങ്ങളുടെ ആശങ്കയും പരിഹരിക്കണം: കെ സുരേന്ദ്രൻ

  • 18/12/2022

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ അഹന്ത അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്‍്റെ ജനദ്രോഹ സമീപനത്തിനെതിരെ ബിജെപി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.


പരിസ്ഥിതിയെ സംരക്ഷിക്കണം അതോടൊപ്പം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതും ആത്യാവശ്യമാണ്. കിടപ്പാടം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് ജീവിക്കുന്ന കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ ശത്രു പക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ വിധി നേടികൊടുക്കേണ്ട സര്‍ക്കാര്‍ അതില്‍ അലസതകാണിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.

'ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. ഇവിടെ അതിനു പകരം സര്‍ക്കാര്‍ ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഉപഗ്രഹ സര്‍വ്വെ നടത്തി ഭൂമിയുടെ അതിരു നിശ്ചയിക്കുന്നതിനു പകരം നേരിട്ട് ജനങ്ങളുടെ അവസ്ഥ മനസിലാക്കി സര്‍വ്വെ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും' സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related News