ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്ട്രേഷൻ

  • 18/12/2022

ശബരിമല: ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം. ഇന്ന് 1,04,478 പേരാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും മുമ്ബേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്ട്രേഷനാണിത്.


ഇന്നലെ മുതല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നടപ്പന്തലില്‍ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതല്‍ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വന്‍തോതില്‍ കൂടിയാല്‍ പമ്ബമുതല്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും.

മലയിറങ്ങി തിരിച്ചുപോകുന്നവ‍ര്‍ പമ്ബയില്‍ കുടുങ്ങാതിരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്രിസ്മസ് അവധിയുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച്‌ വരും ദിവസങ്ങല്‍ തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് അടക്കമുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.തിരക്ക് നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇന്ന് വിശദീകരിക്കും.

Related News