ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതി; ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി

  • 18/12/2022

തിരുവനന്തപുരം: ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സുനുവിന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍വ്വീസില്‍ നിന്നും പരിച്ചുവിടാതിരിക്കാന്‍ കാരണം തേടിക്കൊണ്ടാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം ബോധിപ്പിക്കണം.


15 പ്രാവശ്യമാണ് സുനു വകുപ്പുതല നടപടിക്കു വിധേയനായിട്ടുള്ളത്. ചെയ്ത ഓരോ കുറ്റകൃത്യത്തെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാല്‍ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പുന: പരിശോധിച്ച്‌ പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സുനു ഇപ്പോള്‍ സസ്പെഷനിലാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബലാംസംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസില്‍ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെയാവും പുറത്താക്കുക.

Related News