ശബരിമല ദർശനം: കെ എസ് ആര്‍ ടി സി ബസില്‍ കയറാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

  • 19/12/2022

കൊച്ചി: ശബരിമല ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകര്‍ക്ക് പമ്ബയില്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. പമ്ബയിലെ കെ എസ് ആര്‍ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.


പമ്ബയില്‍ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിര്‍ബന്ധമായും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. കെ എസ് ആര്‍ ടി സി ബുക്കിങ് ഓഫീസിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. നിലക്കലിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും കരാറുകാരന് കോടതി നിര്‍ദേശം നല്‍കി.

ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം തുടരുകയാണ്. ഇന്ന് 1,04,478 പേരാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും മുമ്ബേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്ട്രേഷനാണിത്. ഇന്നലെ മുതല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നടപ്പന്തലില്‍ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്‍റെ തുടക്കം മുതല്‍ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം.

തിരക്ക് വന്‍തോതില്‍ കൂടിയാല്‍ പമ്ബമുതല്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും. മലയിറങ്ങി തിരിച്ചുപോകുന്നവ‍ര്‍ പമ്ബയില്‍ കുടുങ്ങാതിരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്രിസ്മസ് അവധിയുള്‍പ്പടെ വരുന്ന സാഹചര്യത്തില്‍ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച്‌ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Related News