മെഡിക്കൽ പിജി സീറ്റ്‌ വാഗ്ദാനംചെയ്ത് കേരളത്തിലുടനീളം കോടികളുടെ തട്ടിപ്പ്; പ്രതി പിടിയില്‍

  • 20/12/2022

മലപ്പുറം: പ്രൊഫഷണൽ കോഴ്‌സുകളിലേക്ക്‌ സീറ്റുകൾ വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ആലപ്പുഴ മാവേലിക്കര പള്ളിമൂട് മങ്കാക്കുഴി സജു മന്‍സിലില്‍ സജു ബിന്‍ സലീം എന്ന ഷംനാദ് ബിന്‍ സലീമിനെ (36)യാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച്‌ സംഘം പിടികൂടിയത്. 

മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്തത്. ഹെബ്ബാള്‍ താനിസാന്ദ്രയിലെ ഭാരതീയ സിറ്റിയില്‍ ആഡംബര ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. 2017ൽ ആണ്‌ കേസിനാസ്‌പദമായ പരാതി. രാജസ്ഥാനിൽ മെഡിക്കൽ പിജി സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ ഡോക്ടറിൽ നിന്ന്‌ 70 ലക്ഷത്തോളം രൂപ വാങ്ങി. സീറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് സമീപിച്ചപ്പോൾ കുറച്ചുപണം തിരികെ നൽകി കേരളത്തിൽ നിന്ന്‌ മുങ്ങുകയായിരുന്നു. 

സംഭവത്തില്‍ മലപ്പുറം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനാകാത്തതിനാൽ കേസ്‌ ജില്ലാ ക്രൈം ബ്രാഞ്ച്‌ ഏറ്റെടുക്കുകയായിരുന്നു. ആദ്യം വന്‍തുക വാങ്ങുകയും പിന്നീട് കുറച്ച് തിരികെ കൊടുത്ത് ബാക്കി ഒഴിവാക്കിയെടുക്കുകയുമായിരുന്നു സജുവിന്റെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു. ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിലാണ്‌ കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയത്. ഉന്നത ബന്ധങ്ങളുള്ള ഇയാൾ ഡോക്ടർ എന്ന പേരിലാണ്‌ ആളുകളെ സമീപിച്ച്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. 

ബംഗളൂരു കേന്ദ്രീകരിച്ചാണ്‌ ഇയാളുടെ തട്ടിപ്പ്‌ എന്ന്‌ കണ്ടെത്തിയ ക്രൈം ബ്രാഞ്ച്‌ അവിടെ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണത്തിലായിരുന്നു. ഡോക്ടർ എന്ന പേരിൽ ഭാര്യയ്‌ക്കൊപ്പം ഭാരതീയാർ സിറ്റിയിലായിരുന്നു ഇയാളുടെ താമസം.  2012 മുതൽ കോഴിക്കോട്‌ ടൗൺ, പെരുമ്പാവൂർ, വെൺമണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട്‌ എന്നിവിടങ്ങളിലും കർണാടകയിലെ വിജയനഗർ സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്‌. 

Related News