കോണ്‍ഗ്രസ് പുനസംഘടന വൈകുന്നു: അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 23/12/2022

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന വൈകുന്നതില്‍ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന വേഗത്തില്‍ ഉണ്ടാകുമെന്ന് ചിന്തന്‍ ശിബിരത്തില്‍ തീരുമാനം ആയത് ആണ്. തെരഞ്ഞെടുപ്പ് വീട്ടുപടിക്കല്‍ എത്തി നില്‍ക്കുന്ന കാര്യം മറക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങിയെന്നും കോണ്‍ഗ്രസ് ഇനിയും മുന്നൊരുക്കം നടത്താന്‍ വൈകരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. പുനസംഘടന വൈകരുതെന്നും എല്ലാ കാര്യങ്ങളും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചുവെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.


കെ പി സി സി പുനസംഘടന ഉടന്‍ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ്‌ അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. മാറ്റുന്ന കാര്യത്തില്‍ ഇതുവരെ ആലോചന ഇല്ല. ഭാരത്ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. നേതാക്കള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്ന് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം താരിഖ് അന്‍‌വര്‍ വിശദമാക്കിയത്.

ഗ്രൂപ്പിന് അതീതമായ പുനസംഘടന നടപ്പിലാക്കണമെന്ന് കെ മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതിയില്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടില്‍ പൂര്‍ണ്ണമായും പുനസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികള്‍ ആക്കണം . x നെ മാറ്റി Y യെ വയ്ക്കുമ്ബോള്‍ യോഗ്യത മാനദണ്ഡമാക്കണമെന്നും പുനസംഘടന സംബന്ധിച്ച്‌ മുരളീധരന്‍ പ്രതികരിച്ചിരുന്നു

Related News