കുന്നിടിച്ചുള്ള റിസോട്ട് നിര്‍മ്മാണം: ബന്ധം നിഷേധിച്ച് ഇ പി, പാർട്ടിക്കുള്ളിൽ വിവാദം

  • 24/12/2022

ണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ശക്തികേന്ദ്രമായ മോറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാപക അംഗമാണ് ഇ.പി ജയരാജന്റെ മകന്‍ ജയ്സണ്‍. കുന്നിടിച്ചുള്ള റിസോട്ട് നിര്‍മ്മാണ സമയത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. തനിക്ക് റിസോട്ടുമായി ഒരു ബന്ധവുമില്ലെന്ന് ഇപി പറയുമ്ബോള്‍ പാര്‍ക്കുള്ളില്‍ വിവാദം കനക്കുകയാണ്.


2014-ല്‍ ഇപി ജയരാജന്‍്റെ മകന്‍ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡയറക്ടര്‍മാരായാണ് വൈദേകം ആയുര്‍വേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിര്‍മ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തുടക്കത്തില്‍ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങള്‍ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും കിട്ടി. 30 കോടിയാണ് റിസോര്‍ട്ടിന്‍്റെ ആകെ നിക്ഷേപം.

ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറില്‍ വൈദേകം ഡയറക്ടര്‍ ബോര്‍ഡ് അംഗമായെങ്കിലും ഇപ്പോള്‍ റിസോര്‍ട്ടിന്റെ വെബ്സൈറ്റില്‍ അവരുടെ പേരില്ല. റിസോര്‍ട്ടില്‍ പ്രദേശത്തെ സിപിഎം അനുഭാവികള്‍ക്ക് ജോലികൂടി നല്‍കി വിവാദങ്ങള്‍ അവസാനിപ്പിച്ച നേരത്താണ് പി ജയരാജന്‍ സംസ്ഥാനകമ്മറ്റിയില്‍ ഇപിക്കെതിരെ ആ‌‌ഞ്ഞടിച്ചത്. തനിക്ക് റിസോര്‍ട്ടുമായും ബന്ധമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോര്‍ട്ടാണെന്നുമുള്ള ഇപിയുടെ വാദം ദുര്‍ബലമാണ്. കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്‍മാര്‍ തമ്മിലുള്ള അധികാര ബലാബലത്തിലും ആയുര്‍വേദ റിസോര്‍ട്ട് വിവാദം നിര്‍ണ്ണായകമാകുകയാണ്.

Related News