ഇടുക്കിയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 5ജി സേവനം നടപ്പാക്കണം: കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രിയെ കണ്ട് ഡീൻ കുര്യക്കോസ് എം പി

  • 24/12/2022

ഇടുക്കി: ഇടുക്കിയിലെ മൊബെെല്‍ കവറേജ് എത്താത്ത കേന്ദ്രങ്ങളില്‍ ടവറുകള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും ടൂറിസം സാധ്യതകള്‍ പരിഗണിച്ച്‌ 5ജി സേവനങ്ങള്‍ നടപ്പിലാക്കണമെന്നും ഡീന്‍ കുര്യാക്കോസ് എംപി. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ടാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ഇടുക്കിയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 5ജി സേവനം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.


മുവാറ്റുപുഴ ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍ കെയര്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപെട്ടും മന്ത്രിയുമായി എം പി ചര്‍ച്ച നടത്തി. ബിഎസ്‌എന്‍എല്‍-ന്റെ തനതു സൗകര്യങ്ങള്‍ മറ്റുതരത്തില്‍ അന്യാധീനപ്പെടുത്തുന്നത് പ്രതിഷേധകരമാണെന്നും, നിലവില്‍ തീരെ സൗകര്യം കുറഞ്ഞ സ്ഥലത്തേക്ക് ആണ് മാറ്റപ്പെട്ടിരിക്കുന്നതെന്നും ആയതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും എം പി അറിയിച്ചു.

അങ്കമാലി ശബരി റെയില്‍വേയുടെ തുടര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. എം പിമാരെയും, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച്‌ ഉടന്‍ തന്നെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Related News