അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വര്‍ണം; ആദ്യ പരിശോധനയില്‍ രക്ഷപ്പെട്ടു, പിന്നീട് 19കാരി പിടിയില്‍

  • 26/12/2022

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച പത്തൊമ്പതുകാരി പോലീസ് പിടിയിൽ. കാസർകോ‍ട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പോലീസിന്‍റെ കസ്റ്റഡിയിലായത്. 

ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തിനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണം കണ്ടെത്തിയത്. ആദ്യം വിമാനത്താവളത്തില്‍ നടത്തിയ കസ്റ്റംസ് പരിശോധനയിൽ നിന്ന് യുവതി രക്ഷപ്പെട്ടു. എന്നാല്‍ യുവതി സ്വർണവുമായി എത്തുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പുറത്തെ പോലീസ് നടപടിയിൽ യുവതി പിടിയിലാകുകയായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇവർ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി ഒരു കോടിരൂപ വില വരുന്ന സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് കസ്റ്റംസിനെ വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Related News