കരിപ്പൂരില്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

  • 26/12/2022

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. മതിയായ രേഖകളില്ലാതെ പിടിയിലായ വനിതയാണ് താന്‍ പീഡനത്തിനിരയായതായി ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മതിയായ രേഖകൾ ഇല്ലാതെ കൊറിയൻ യുവതിയെ കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയില്‍ കോഴിക്കോട്ട് എത്തിയ യുവതി നാട്ടിലേക്ക് തിരിച്ചുപോകാന്‍ വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതിയെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി. കോഴിക്കോട് നഗരത്തിലെ രണ്ട് ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി കണ്ടെത്തി. കൊറിയൻ ഭാഷ അറിയുന്ന ആളുകളെവച്ച് കാര്യങ്ങൾ തിരക്കിയെങ്കിലും യുവതി സഹകരിച്ചില്ല. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോളാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. ഇതോടെ വൈദ്യപരിശോധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

 

Related News