കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതിയും തട്ടിയെടുക്കാൻ എത്തിയ രണ്ടുപേരും അറസ്റ്റില്‍

  • 27/12/2022

മലപ്പുറം: കരിപ്പൂരില്‍ സ്വർണം കടത്താൻ ശ്രമിച്ച യുവതിയും കടത്തിയ സ്വർണം തട്ടിയെടുക്കാൻ എത്തിയ രണ്ടുപേരും അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വർണവുമായാണ് ഡീന പിടിയിലായത്. വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി കടത്തി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റ് നാലുപേർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ഡീനയുടെ സഹായത്തോടെ സ്വർണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.

നേരത്തെയും ഡീന സ്വര്‍ണം കടത്തിയിരുന്നു. ഇത്തവണ കടത്തുസ്വര്‍ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു ലക്ഷ്യമിട്ടത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതി സ്വര്‍ണം വാങ്ങാന്‍ എത്തിയവരെയും കബളിപ്പിച്ച് കവര്‍ച്ചാ സംഘത്തിനൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുന്നതിനിടെ പോലീസ് സംഘം യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Related News