കുടുംബവഴക്ക് ജോലിക്കുപോയ മകന്റെ കിടപ്പുമുറിക്ക് അച്ഛൻ തീയിട്ടു, മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെട്ടു

  • 27/12/2022

തിരൂർ: കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ കിടപ്പുമുറിക്ക് അച്ഛൻ തീയിട്ടു. മകൻ ജോലിക്കുപോയ സമയം നോക്കിയാണ് തീയിട്ടത്. മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെട്ടതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. തിരൂരിനടുത്ത് തലക്കാട് തലൂക്കരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. 

മരുമകളുടെ പരാതിയില്‍ ഭർത്തൃപിതാവായ തലൂക്കരയിലെ മണ്ണത്ത് അപ്പു (78) വിനെ തിരൂർ പോലീസ് അറസ്റ്റു ചെയ്തു. അപ്പുവും ഇളയമകൻ ബാബുവും ഒരുമിച്ചായിരുന്നു താമസം. ബാബുവിന് രണ്ടു സെന്റ് സ്ഥലം അപ്പു നൽകി. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂർ ആർഡിഒയെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു. 

പരാതിയുടെ ഭാഗമായി മാസം 1,500 രൂപ മകൻ അച്ഛന് നൽകണമെന്ന് ആർഡിഒ ഉത്തരവിട്ടു. ഈ തുക മകൻനൽകി വരികയുമായിരുന്നു. എന്നാല്‍ ഇതില്‍ സംതൃപ്തനാകാതിരുന്ന ഇയാള്‍ തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. 

ആ സമയത്ത് മുറിയിലുണ്ടായിരുന്ന മരുമകൾ പ്രജിയും പേരക്കുട്ടി ആദിത്യനും പുറത്തേക്കോടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ അപ്പുവിനെ അനുനയിപ്പിച്ചു. തിരൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


 

Related News