കത്ത് വിവാദം; സമരക്കാരെ വീണ്ടും ചർച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി, ചർച്ച എംബി രാജേഷിന്റെ ചേംബറിൽ

  • 27/12/2022

തിരുവനന്തപുരം നഗരസഭ നിയമന കത്ത് വിവാദത്തിൽ സമരക്കാരെ വീണ്ടും ചർച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി. ഈ മാസം 30 ന് മന്ത്രി എംബി രാജേഷിന്റെ ചേംബറിലാണ് ചർച്ച . ഇത് രണ്ടാം തവണയാണ് മന്ത്രിതല ചർച്ച വിളിക്കുന്നത്. സമരം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയുമാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ജനുവരി മുതൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനിടെ കേസ് തള്ളണമെന്ന കോർപറേഷൻ ആവശ്യം ഓംബുഡ്‌സ്മാൻ നിരസിച്ചു. തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ഫെബ്രുവരി 22 ന് കേസിൽ തുടർവാദം കേൾക്കും.

വിഷയത്തിൽ സിപിഐഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു എന്നിവരാണ് കമ്മിഷനിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോർപറേഷൻ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

Related News